തിരുവനന്തപുരം: പ്രസവശസ്ത്രക്രിയയ്ക്കിടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വിദഗ്ധ സമിതി. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡോ. ബിന്ദു സുന്ദർ രണ്ടുതവണ 5000 രൂപ വീതം കൈക്കൂലി വാങ്ങിയെന്നാണ് കുഞ്ഞിന്റെ പിതാവ് ബിനിൽ മൊഴി നൽകിയിരിക്കുന്നത്. ഇന്നലെ രാത്രി നെടുമങ്ങാട് ആശുപത്രിയിൽ എത്തിയാണ് മൊഴി എടുത്തത്.
ഇന്നുതന്നെ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരിക്കുന്നത്. ഡോ. ബിന്ദു സുന്ദര്‍ കൈക്കൂലി വാങ്ങിയെന്ന ബിനിലിന്റെ മൊഴിയുമായി ബന്ധപ്പെട്ട തെളിവുകളും കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നുണ്ട്. ചികിത്സാ പിഴവാണോ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നമാണോ കുഞ്ഞിന്റെ മരണത്തിന് പിന്നിലെന്നാണ് പരിശോധിക്കുന്നത്.
ആരോഗ്യമന്ത്രിക്ക് പൂർണമായ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കും. ബിന്ദു സുന്ദർ എന്ന ഡോക്ടറിന്റെ പേരിൽ വരുന്ന ആദ്യത്തെ പരാതിയല്ല ഇതെന്നും റിപ്പോർട്ടുണ്ട്. ഇവർക്കെതിരെ ഡിഎംഒയ്ക്കും ആശുപത്രി സൂപ്രണ്ടിനുമടക്കം മുമ്പും പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ കേസുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.